2014, ജനുവരി 11, ശനിയാഴ്‌ച

മലപ്പുറം


മലപ്രം ചരിതം




               കടലുണ്ടിപുഴയുടേയും ഊരകം മലയുടേയും ഇടയിലുളള മലനാട് പ്രദേശമാണ് മലപ്രം. 2500 വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഇവിടെ ജനവാസമുളളതിന്റെ സൂചനകള്‍ ലഭ്യമാണ്.ക്രിസ്തുവിന് മുമ്പ് രണ്ടാം നൂറ്റാണ്ടില്‍ ചേരനാട്ടില്‍ ഉള്‍പ്പെട്ട ഈ പ്രദേശത്ത് ജൈന, ബുദ്ധമതത്തിന്റെ സ്വാധീനത്തെ പറ്റി സ്ഥലപ്പേരുകള്‍ സൂചന നല്‍കുന്നു. അവര്‍ കഴിഞ്ഞിരുന്ന സ്ഥലങ്ങളാണ് വലിയങ്ങാടി,ചാപ്പനങ്ങാടി ,കൂട്ടിലങ്ങാടി,പറയരങ്ങാടി, പള്ളിപ്പുറം എന്നിവ. ജൈനമുനികളുമായിബന്ധപ്പെട്ട കല്‍ ഗുഹകള്‍ പൊന്‍മള കൂട്ടിലങ്ങാടി എന്നിവിടങ്ങളില്‍ കാണുന്നു.
ശിലായുഗ അവശിഷ്ടങ്ങളായ നന്നങ്ങാടികള്‍ മുണ്ടുപറമ്പ് ,അധികാരതൊടിക ,വലിയങ്ങാടി എന്നിവിടങ്ങളില്‍ നിന്നു കണ്ടു കിട്ടിയിട്ടുണ്ട്. കോണോംപാറയില്‍ നന്നങ്ങാടികുഴികള്‍ ഇപ്പോഴും കാണാവുന്നതാണ്.മുതുവത്തുപറമ്പ് കളത്തിങ്ങല്‍തൊടിയില്‍ ഒരു നടുക്കാല്‍ ഇന്നും കാണുന്നു.പുരാവസ്തുവകുപ്പിന്റെ അന്വേഷണം വസ്തുതകള്‍ കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.
സംഘകാലത്തിലെ പ്രമുഖഗോത്രങ്ങളായിരുന്ന പാണര്‍, പട്ടര്‍ എന്നിവര്‍ താമസിച്ച സ്ഥലങ്ങളായിരുന്നു പാണക്കാട് ,പട്ടര്‍കടവ് എന്നിവ. മേല്‍മുറിയിലെ കരിങ്കാളിക്കാവ് ക്ഷേത്രം ,പൊടിയാട് (പൊന്നിക്കാട്), മിന്നുക്കുന്ന് എന്നിവിടങ്ങളിലെ കരിങ്കല്‍ ശില്‍പങ്ങള്‍ ദ്രാവിഡസംസ്കാരവുമായുളള ബന്ധത്തെ സൂചിപ്പിക്കുന്നു. സംഘകാലകൃതികളില്‍, ഒന്നാം ചേരസാമ്രാജ്യത്തന്റെ തുറമുഖമായിരുന്ന തൊണ്ടി (കടലുണ്ടി ) യിലേക്ക് പാലക്കാട് ചുരം കടന്ന് തൊണ്ടി രാജാക്കന്‍മാരെ സന്ദര്‍ശിച്ചതായി കാണുന്നു.
                   സാമൂതിരി വളളുവ കോനാതിരിയെ തോല്‍പ്പിച്ച് പെരിന്തല്‍മണ്ണ ,തിരൂര്‍, ഏറനാട് പ്രദേശങ്ങള്‍ കീഴടക്കിയത് പതിമൂന്നാം നൂറ്റാണ്ടില്‍ ആണ്. വടക്കേ അതിര്‍ത്തിപ്രദേശമായ മലപ്രത്തിന്റെ ചുമതല സാമൂതിരി പടനായകനായിരുന്ന വരക്കല്‍ പാറനമ്പിയെയാണ് ഏല്‍പ്പിച്ചത്. മണ്ണൂര്‍(ഇന്നത്തെ കോട്ടപ്പടി )യിലാണ് പാറനമ്പിയുടെ കോട്ട. ഇതിന്നും നമുക്കു കാണാവുന്നതാണ്.കോട്ടപ്പടി, കോട്ടക്കുന്ന് ,മൂന്നാംപടി ഇവ പാറനമ്പിയുമായി ബന്ധപ്പെട്ട പേരുകളാണ്. മേല്‍മുറിയിലെ കരിങ്കാളിക്കാവ് ക്ഷേത്രം, കുന്നുമ്മല്‍ ത്രിപുരാന്തകക്ഷേത്രം എന്നിവയുടെ പരിപാലനം പാറനമ്പിയുടെ വകയായിരുന്നു. മണ്ണൂര്‍ ശിവക്ഷേത്രം (കോട്ടപ്പടി) താമരശ്ശേരി നമ്പൂതിരിയുടേയും.
പാറനമ്പിയും കോട്ടക്കല്‍ രാജാവും തമ്മിലുണ്ടായ വഴക്കില്‍ വളളുവനാട്ടിലെ നാലുവീട്ടുകാരായ മാപ്പിളമാര്‍ പാറനമ്പിയെ സഹായിച്ചു. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാരുമായി സാമൂതിരി നടത്തിയ നാവികയുദ്ധത്തില്‍ സഹായിച്ച മാപ്പിളമാരെ യുദ്ധാനന്തരം പ്രതിഫലമായി വലിയങ്ങാടിയിലും കോല്‍മണ്ണയിലും താമസിപ്പിച്ചു. ഇവരില്‍ പലരും ഉള്‍പ്രദേശങ്ങളില്‍ കൃഷിയും കച്ചവടവുമായി താമസിച്ചിരുന്നു. വലിയങ്ങാടിപളളി ഇക്കാലത്താണ് പണിതത്.
             മക്കയില്‍ നിന്ന് വന്ന സൂഫിവര്യന്‍ നഷ്ടമായ തന്റെ താക്കോല്‍ക്കൂട്ടം പാറനമ്പിക്ക് തിരികെ നല്‍കിയതിന് പ്രത്യുപകാരമായിട്ടാണ് ഹാജിയാര്‍ക്ക് പളളി പണിതു കൊടുത്തതെന്ന് വിശ്വസിച്ചു വരുന്നു(ഹാജിയാര്‍പളളി) .
1766 ല്‍ മൈസൂര്‍ സുല്‍ത്താന്‍ ഹൈദരലി സാമൂതിരിയെ തോല്‍പ്പിച്ച് 26 വര്‍ഷത്തോളം മലബാര്‍ ഭരിച്ചു. ഫറൂക്ക് - പാലക്കാട്, മലപ്രം - തിരൂരങ്ങാടി പാതകള്‍ നിര്‍മ്മിച്ചത് ഇക്കാലത്താണ്.1792 ല്‍ ബ്രിട്ടീഷുകാര്‍ ടിപ്പു സുല്‍ത്താനെ പരാജയപ്പെടുത്തി . ആദ്യം ബോംബെ സംസ്ഥാനത്തിന്റെ കീഴിലായിരുനിന്ന മലബാര്‍ ബ്രിട്ടീഷുകാര്‍ പിന്നീട് മദിരാശിസംസ്ഥാനത്തിന്റെ കീഴിലാക്കി. 1800 നു ശേഷം പലപ്പോളായി തദ്ദേശിയര്‍ ബ്രിട്ടീഷുകാരുമായി പോരാടിയിട്ടുണ്ട്. അതില്‍ പ്രധാനമാണ് 1921 ലെ മലബാര്‍ കലാപം.
               1956 ല്‍ കേരളസംസ്ഥാനം നിലവില്‍ വന്നപ്പോള്‍ മലപ്പുറം കോഴിക്കോട് ജില്ലയുടെ ഭാഗമായി. 1966 ജൂണ്‍ 16 ന് മലപ്പുറം ആസ്ഥാനമായി ജില്ല രൂപീകരിച്ചു . 1970 ലാണ് മലപ്പുറത്തെ മുന്‍സിപ്പാലിറ്റിയായി ഉയര്‍ത്തിയത് .                                                    . രാ മ ച ന്ദ്ര ൻ .കെ .

അഭിപ്രായങ്ങളൊന്നുമില്ല: